add

Tuesday, January 24, 2012

മുറിക്കവിതകൾ 2

1) വള്ളിപൊട്ടിയ ചെരുപ്പുകള്‍

എന്റെ കൂടെ നടന്ന്
എന്നെ പേറി
എനിക്കായ് തേഞ്ഞു തേഞ്ഞു
ഒടുവില്‍ വള്ളി പൊട്ടിയ ചെരുപ്പുകള്‍ പരസ്പരം മന്ത്രിച്ചു
.
.
.
അച്ഛന്‍ അമ്മയോട് പറഞ്ഞത് പോലെ .!


2) രാഷ്ട്രീയം

ദൈവങ്ങള്‍ ഗുണ്ടാപ്പിരിവിന് ഇറങ്ങിയിട്ടുണ്ട് .
സാത്താനേ നീയെ ശരണം .!

3) തൊട്ടാവാടി

മുറിഞ്ഞത് എനിക്കല്ലേ അറിയൂ ..!!!
എന്നിട്ടും നിന്നെ എല്ലാരും വിളിക്കുന്നു തൊട്ടാവാടി ..

Thursday, January 19, 2012

തുറക്കാത്ത മുറികള്‍


നിന്റെ ഓര്‍മ്മകളെയും കടം തന്ന സ്വപ്നങ്ങളെയും
നമ്മുടെ തുറക്കാത്ത മുറിയില്‍ അടച്ചു പൂട്ടിയിട്ടുണ്ട് .

യാഥാര്‍ത്യങ്ങള് പ്രസവിക്കുന്ന
കുഞ്ഞുങ്ങള്‍ പല്ലിളിച്ചു കാട്ടുമ്പോള്‍,
ആ മുറിയില്‍ വന്നു ഇടക്കിപ്പോഴും
ഞാന്‍ തീകാഞ്ഞു പോകാറുമുണ്ട് .!

നിന്റെ വീട്ടിലും കാണും ഇത് പോലെ
കുറെ തുറക്കാത്ത മുറികള്‍ അല്ലെ..??

Wednesday, January 11, 2012

പേരറിയാത്ത പേടികള്‍

നാക്കിലെന്തോ കുരുക്കുന്നു.!
ചൊല്ലുവാന്‍ ഏറെയുണ്ടിങ്ങു കാര്യങ്ങളെങ്കിലും
നാടുതെണ്ടി പ്പിരിഞ്ഞു പോയെന്നിലെ
ക്ഷുഭിത യൌവനം ആര്‍ദ്ര വികാരങ്ങള്‍ .
നാക്കിലെന്തോ കുരുക്കുന്നു-
ചൊല്ലുവാന്‍ ഏറെയുണ്ടിങ്ങു കാര്യങ്ങളെങ്കിലും.
നാടുതെണ്ടി പ്പിരിഞ്ഞു പോയെന്നിലെ
ക്ഷുഭിത യൌവനം ആര്‍ദ്ര വികാരങ്ങള്‍.

പെയ്ത മഴയിലും താണ്ടുന്ന കാറ്റിലും
പൂത്ത പൂവിലും പൊഴിയുന്നൊരിലയിലും.
പെയ്തു തീരാത്ത വിരഹക്കടലിലും
കവിത കണ്ട നാള്‍ കൊത്തിപ്പറിച്ചനാള്‍ .
നഷ്ടസ്മരണകള്‍ നഷ്ടസ്വപ്നങ്ങളും
പറയുവാനെന്റെ നാവ് പൊങ്ങുന്നില്ല.
പേരറിയാത്ത പേടികള്‍ ഇന്നന്റെ
ബോധമണ്ഡലം നോക്കി കുരയ്ക്കുന്നു.!

നേരിലുറവിന്റെ സായന്തനങ്ങളില്‍
പ്രണയമൂറുന്ന നേര്‍ത്തനിലാവിലും
നേടുവാന്‍ വേണ്ടി നഷ്ടപ്പെടുത്തുന്ന
ചിതലരിച്ചിടും തത്വശാസ്ത്രങ്ങളും.
അന്യമാകുന്ന നേരിന്റെ നദികളും
തെരുവ് വാഴുന്ന കഴുകന്റെ നോട്ടവും
അധികമില്ലാത്ത തേങ്ങുന്നൊരരുവിയും
അധികമാകുന്ന ചോരപ്പുഴകളും
പേരറിയാത്ത പേടികള്‍ ഇന്നന്റെ
ബോധമണ്ഡലം നോക്കി കുരയ്ക്കുന്നു.

കണ്ണുപൊത്തി കടന്നു പോകുമ്പോഴും
കേള്‍ക്കുവാന്‍ ഒരു ചാണ്‍ വയര്‍ പാടുന്നു.
തെരുവിലായിരം മോഹങ്ങള്‍ പൂക്കുന്നു
കായ്ച്ചതെല്ലാം വിശപ്പിന്റെ പൂവുകള്‍ .
പ്രണയമെങ്ങോ മരിച്ചു വീഴുമ്പൊഴും
അരികിലായ് നിന്ന് കാമം ചിരിക്കുന്നു.
കണ്ടതെല്ലാം വെറുക്കാന്‍ മറക്കുവാന്‍
കവിത ചാരായ ഷാപ്പുകള്‍ തേടുന്നു .
പേരറിയാത്ത പേടികള്‍ ഇന്നന്റെ
ബോധമണ്ഡലം നോക്കി കുരയ്ക്കുന്നു.

നാക്കിലെന്തോ കുരുക്കുന്നു-
ചൊല്ലുവാന്‍ ഏറെയുണ്ടിങ്ങു കാര്യങ്ങളെങ്കിലും .
നാടുതെണ്ടി പ്പിരിഞ്ഞു പോയെന്നിലെ
ക്ഷുഭിത യൌവനം ആര്‍ദ്ര വികാരങ്ങള്‍ .

Thursday, January 5, 2012

വാലുകള്‍

നാലാം ബെഞ്ചില്‍ തോളുരുമ്മിയിരുന്നു കണക്കെഴുതിയപ്പോഴും
കത്തുന്നൊരുച്ചക്ക് എന്റെ ചോറ്റുപാത്രം പകുത്തപ്പോഴും
പറഞ്ഞിരുന്നില്ല അവനും വാലുന്ടെന്നു
ഇന്നലെ അമ്പലത്തില്‍ നിന്നവന്‍ പറഞ്ഞു
കൂട്ടിതൊടരുത് ശുദ്ധം മാറും .....


സ്വപ്‌നങ്ങള്‍ പോലെ വെളുത്തിട്ടായിരുന്നു
ശാരദേച്ചിയുടെ പ്രണയം
പ്രണയക്കാവില്‍ തൊഴുതിട്ടും
അന്തിത്തിരി വച്ച് പ്രാര്‍ത്ഥിച്ചിട്ടും
ഇല്ലാത്ത ഒരു വാലായിരുന്നത്രെ കല്യാണം മുടക്കിയത്

വാലിന്റെയും കൊമ്പിന്റെയും നീളം നോക്കി
മത്സരിക്കാത്തത് കൊണ്ടാവാം
മൃഗങ്ങള്‍ ഇപ്പോഴും .......