add

Friday, April 13, 2012

ബാക്കിയാവുന്നത് .


ഈ കാറ്റിന് നിന്റെ മണമാണ് !
ഏകാന്തതയ്ക്കുമേലെ നിന്റെ ഓര്‍മ്മക്കാറ്റു
ആഞ്ഞു വീശുമ്പോള്‍ ,
അടിവേരുകളില്‍ നടുനിവര്‍ന്നു നിന്നിട്ടും ,
ഉലഞ്ഞു പോകുന്നു ഞാന്‍ എന്ന മരം ...

ഈ പൂവിനു നിന്റെ നിറമാണ്‌ ,
കുഴിച്ചു മൂടപ്പെട്ടിട്ടും
പുലരി വന്നു വിളിക്കുമ്പോള്‍ ,
ഉയര്‍ത്തെഴുനേറ്റു പോകുന്ന
സ്വപ്നങ്ങളുടെ ചുവപ്പ് ...

ഇന്നലെ നനഞ്ഞ മഴയ്ക്ക്‌
നിന്റെ മിഴിനീര്‍ ഉപ്പ്...
ഒരുപാടു പെയ്തൊലിച്ചിട്ടും -
ഒന്നും ഒഴുകിപ്പോകാതെ ,
കരിയിലകളില്‍ നീയും ഞാനും
കാടു പിടിച്ചു കിടക്കുന്നു....

Sunday, April 1, 2012

അടിവയറ്റില്‍ പൊള്ളുന്നത്.

കണി കാണാറുള്ളത്‌
കരിപിടിച്ച കലം ,
കിനാവ് പോലെ കീറിയ സാരി.
പുതിയ ഒരെണ്ണം വാങ്ങണം
എന്നോര്‍ത്ത് ചുമക്കും
പതിവ് പോലെ ...

അടുപ്പുണരുമ്പോള്‍ മുഖത്തെ
കരി സാരിയില്‍ തുടച്ചൊന്നു
നെടുവീര്‍പ്പിടും ..

പഴയ ഏതോ ഈരടി
മനസ്സില്‍ തത്തും, പിന്നെ
ഒരു സങ്കടപ്പാട്ട് തൊണ്ടയില്‍ കുരുങ്ങും ..

കാക്കയെ പ്രാകി ദേഷ്യം തീര്‍ത്തു
കുഞ്ഞിപ്പുഞ്ചിരി മായാത്ത ചിത്രം നോക്കി
ഒന്ന് ചിരിക്കും ..
പിന്നെ നെടുവീര്‍പ്പ് ...

വെട്ടം അരവട്ടം തീര്‍ത്തു മടങ്ങുമ്പോള്‍
ദീപം പറഞ്ഞു തിരിവെക്കുമ്പോള്‍
നിന്റെ ഓര്‍മ്മയില്‍ പൊതിഞ്ഞൊരു
രാമകീര്‍ത്തനം ഒഴുകിവരും ..

പക്ഷെ അടിവയറ്റില്‍ പൊള്ളുന്നത്

"എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം "
എന്ന് നീ ഭൂമികുലുക്കുമ്പോള്‍ മാത്രം ..!