add

Thursday, May 17, 2012

ഇനിയുമെത്രനാള്‍



ഇനിയുമെത്രനാള്‍ ..
വേദന കുടിച്ചിറക്കി ,
നെടുവീര്‍പ്പില്‍ പൊള്ളിച്ചുവന്നു,
മിഴികള്‍ നിറയാതെ
ഇനിയുമെത്രനാള്‍...?

അറ്റമില്ലാത്തീ -
തീവണ്ടി യാത്രയില്‍ ,
നമുക്കിടയില്‍ വേവുന്ന തീ മാത്രം.
അര്‍ത്ഥമറിയാതെ എഴുതിയ ,
വാക്കുകളില്‍ ഒരുതുള്ളി-
നോവ്‌ മാത്രം.

എങ്കിലും
അനശ്വരമായൊരു പൂമ്പാറ്റച്ചിറകില്‍-,
എഴുതി വച്ചിട്ടുണ്ട് ,
എനിക്ക് നിന്നോടുള്ള പ്രണയം.
എങ്കിലും
നിലാവ് പൂക്കുന്ന വഴിയില്‍ ഒരു പതിരാ-
പക്ഷിയുടെ മൌനത്തില്‍ കാത്തുവച്ചിട്ടുണ്ട്‌ ,
കേട്ട് കൊതി തീരാത്ത വാക്കുകള്‍.

ഇനിയുമെത്രനാള്‍
ഭാരമില്ലാത്ത പ്രണയം ചുമന്നു,
കല്ലറകള്‍ തുറക്കപ്പെടുന്നതും കാത്തു
മണ്ണ് രുചിച്ച്‌ ഇനിയുമെത്രനാള്‍ .??

Wednesday, May 2, 2012

ഉദ്ബോധനം




മരങ്ങളാകാം മരവുരി ധരിക്കാം
ഒരേയിടത്തില്‍ പരാഗം നടത്താം ..
കാമം വിളമ്പാം കൂട്ടിനു വിളിക്കാം ,
കുടുംബ ബന്ധത്തിന്റെ ആത്മാവ് തോണ്ടാം ..
മരങ്ങളാകാം മരവുരി ധരിക്കാം
ഒരേയിടത്തില്‍ പരാഗം നടത്താം ..

പുതിയ സുരതങ്ങള്‍ക്ക് മേല്‍പ്പാട്ട് മൂളാം,
പഴയ കാമനകളെ പാടെ ത്യജിക്കാം.
ഞങ്ങളായ് നിങ്ങളായ് അതിരിട്ടു നിര്‍ത്താം ,
നാമെന്ന കല്‍പ്പനകള്‍ പാടെ മറക്കാം.
പെണ്ണിന്റെ കണ്ണിലെ പെണ്മയെ വെറുക്കാം,
കന്നിമാസകൂത്തില്‍ ബന്ധം മറക്കാം ..
സ്വന്തം സുഖങ്ങള്‍ക്ക് താരാട്ടു പാടാം,
സാന്ത്വനിപ്പിച്ചെന്ന് വീണ് വാക്ക് ചൊല്ലാം .
മരങ്ങളാകാം മരവുരി ധരിക്കാം
ഒരേയിടത്തില്‍ പരാഗം നടത്താം ..

നാണം മറക്കാതെ നാണം നടിക്കാം ,
മേനി തുടിപ്പിനാല്‍ കാര്യം ജയിക്കാം .
ഉദ്ബോദനങ്ങള്‍ക്ക് കച്ചകെട്ടുമ്പോള്‍ ,
അമ്മിഞ്ഞ ദാഹമായ് ഒരുകുഞ്ഞു തേങ്ങി.
അയ്യപ്പെനെന്നിലൊരു കവിതയായ് പെയ്തു,
പുതു "പൊലയാടിമക്കള്‍ക്ക് പൊലയാണ് പോലും" *



* അയ്യപ്പന്‍റെ പുലയാടിമക്കള്‍ എന്ന കവിതയിലെ വരികള്‍