add

Monday, August 20, 2012

നിഴലുകള്‍ ബാക്കിവയ്ക്കുന്നത് .

ഇരുട്ടില്‍ കൂട് വിട്ടിറങ്ങാറുണ്ട് -
ചില നിഴലുകള്‍ .
വെളിച്ചത്തില്‍ കൂടെ നടന്നതിനെ പഴിച്ച്‌ .
മദ്യശാലകളില്‍ ,ചൂതാട്ട കേന്ദ്രങ്ങളില്‍ ,
ഒത്തുചേരാറുണ്ട്..
വിപ്ലവം പറയാറുണ്ട് ,
പ്രണയത്തില്‍ വിങ്ങാറുണ്ട് ,
ചില നിഴലുകള്‍ .

നടന്നു തീര്‍ത്ത വഴികളുടെ
നോവുകള്‍ പറഞ്ഞു ,
നെഞ്ചിലെരിയുന്ന -
സങ്കടത്തീ തുറന്നുകാട്ടി ,
പരസ്പരം തലതല്ലി കരയാറുണ്ട് -
ചില നിഴലുകള്‍ .

കൈകള്‍ കൂട്ടിപിടിച്ചു ,
പിരിഞ്ഞു പോകില്ലെന്ന് -
കള്ളം പറയാറുണ്ട് .
രക്തബന്ധങ്ങള്‍ക്കപ്പുറത്തെ
നിഴല്‍ ബന്ധങ്ങളില്‍-
ആത്മാവിന്റെ കയ്യൊപ്പ്
ചാര്‍ത്താറുണ്ട്...

എങ്കിലും
വെളിച്ചം വരുമ്പോള്‍
പിന്തുടരാന്‍ വിധിക്കപ്പെട്ട്‌
വീണ്ടും നിഴല്‍ ജന്മങ്ങള്‍ .

Thursday, August 9, 2012

നോവ്‌ .


നോവിനൊരു നിറമുണ്ട്
മണമുണ്ട് സ്വരമുണ്ട്,
നോറ്റിരിക്കുന്ന തണുപ്പുമുണ്ട്‌..
നേരിന്‍ ചുവപ്പുണ്ട്
മിഴികള്‍ക്ക് മഴയുണ്ട് ,
കദനം ചിരിക്കും കവിതയുണ്ട് .
ലഹരിയില്‍ വൃത്തവും പ്രാസവും
തേടി ചിരിക്കിലും-
നോവിന്റെ സ്പര്‍ശമുണ്ട്.

സുഖമെന്ന് ചൊല്ലിച്ചിരിക്കുന്ന പെങ്ങളുടെ ,
മിഴിയിലൊരു കടലിന്റെ തേങ്ങലുണ്ട് .
തെരുവിന്റെ വാതിലില്‍ ചോരചിന്തും
കാട്ടു നായ്ക്കളുടെ ചൂരും ചുവപ്പുമുണ്ട് .
ഇരവില്‍ ചിരിക്കുന്ന പാതകള്‍ നമ്മളില്‍,
പകലില്‍ വിശപ്പിന്‍ വെയില്‍ചീന്തുകള്‍ .
ബലിയുണ്ണുവാന്‍ വന്നൊരോര്‍മയില്‍ -
പാണന്റെ പാട്ടുണരുന്നൊരു കാലമുണ്ട് .

കണ്ണീരിലൊട്ടും കഴമ്പില്ല ചുണ്ടിലെ ,
പൂക്കളിന്നൊട്ടും കരിഞ്ഞുമില്ല.
എങ്കിലും വേദന തീയില്‍ കുരുക്കുന്ന ,
കവിതയുടെ സാന്ത്വനം മാത്രമുണ്ട് .
നോവിനൊരു നിറമുണ്ട്
മണമുണ്ട് സ്വരമുണ്ട് ,
നോറ്റിരിക്കുന്ന തണുപ്പുമുണ്ട്‌..