add

Monday, October 22, 2012

മുറിക്കവിതകൾ 6


1) .'അടക്കം പറഞ്ഞത് '

ജാലകത്തിനപ്പുറം ഇപ്പോഴും
മഞ്ഞ പൂക്കള്‍ വിരിയാറുണ്ട് .
പക്ഷെ സ്വപ്നങ്ങളില്‍ കൂടെ -
നമ്മള്‍ കൂട്ടിമുട്ടാത്തതെന്തേ .??
കിതപ്പുകളില്‍ കൂടെ -
കൊതിച്ചു പോവാത്തതെന്തേ.?
എങ്കിലും ഇടയ്ക്കു ,
സൂര്യകാന്തി പൂക്കള്‍ അടക്കം പറയാറുണ്ട് ,
നമ്മള്‍ ഒരിക്കല്‍ സ്നേഹിച്ചിരുന്നെന്നു ....

2).വഴിവക്കിലെ അപരിചിതര്‍

പ്രിയേ ,
തീര്‍ച്ചയായും നമ്മള്‍ വീണ്ടും-
കണ്ടുമുട്ടും .
അപ്പോള്‍ ഓര്‍മ്മകള്‍ ,
മടുത്തു തിരിഞ്ഞു നടന്നിരിക്കും .
നമ്മള്‍ പഴയതുപോലെ തീര്‍ത്തും-
അപരിചിതരായിരിക്കും .


3).മണം

എന്റെ കവിതകള്‍ അവള്‍ക്കിഷ്ടമാണത്രെ .!
ഹൃദയം നുറുങ്ങിപ്പിറക്കുന്നവയൊക്കെ
അവള്‍ക്കു പണ്ടും ഇഷ്ടമായിരുന്നല്ലോ ..
എങ്കിലും പറഞ്ഞു
"ചോര മണക്കും "

4).പശ്ചാത്താപം

ഒരു വാക്കും പറയാതെ ,
ഒരു തേങ്ങലിന്റെ ആഴത്തില്‍ ,
നീ മറഞ്ഞു പോകുമെന്നറിയാഞ്ഞിട്ടല്ല .
പക്ഷെ
നിന്നില്‍ വേരാഴ്ത്തി ഊര്‍ജം തേടുന്നത് കൊണ്ട് മാത്രം ....

Wednesday, October 10, 2012

കാണാകണക്കുകള്‍.


ചില കണക്കുകളുണ്ട് -
ഉത്തരങ്ങള്‍ കിട്ടിക്കഴിയുമ്പോള്‍,
വീണ്ടും ചോദ്യങ്ങള്‍ ആരംഭിക്കുന്നവ ....

ഉറുമ്പുകളെപ്പോലെ-
വരിയായി,നിരയായി-
അവ തലച്ചോറിനെ അരിച്ചു തുടങ്ങും .
ഉത്തരങ്ങളില്‍-
ചോദ്യങ്ങള്‍ വീണ്ടും ബാക്കിയാവും .
അപ്പോഴാണ് ,
ചുവന്ന കിഴക്കും പടിഞ്ഞാറും-
വേര്‍തിരിക്കാന്‍ കഴിയാതെ
വിഡ്ഢിയായി പോകുന്നത് -

"ചിന്നുമോള്‍ അമ്മയോട്
മന്ദബുദ്ധിക്കര്‍ത്ഥം ചോദിക്കുന്നത് !" .

ചില ചോദ്യങ്ങളുണ്ട്
ഉത്തരങ്ങള്‍ അനവധി ആണെങ്കിലും
കണക്കുകള്‍ ബാക്കിവെയ്ക്കുന്നവ .

വീണ്‍വാക്കുകളില്‍ ഓടുന്ന
ലോകത്തെ നോക്കി
നെഞ്ചിലെ ചുവപ്പുകാട്ടി ചിരിക്കുന്നവ .
കാതിലൊരു ചെമ്പരത്തിപൂവിന്റെ
നിഷ്കളങ്കതയില്‍ ചിനുങ്ങുന്നവ .

അപ്പോഴാണ് ചായക്കടയിലെ
ആള്‍ക്കൂട്ടം കുശുകുശുക്കുന്നത്‌
"പാവം അവനു ഭ്രാന്താണെന്ന് !" .