add

Friday, December 7, 2012

വടിവാള്‍ .


നിന്റെ സന്ധ്യകള്‍ ഒളിക്കുന്നിടം
എന്റെ ചങ്കാണ് കൂട്ടുകാരാ ...
മിഴികള്‍ പെയ്യുന്നത് തടുക്കാന്‍
മേല്‍ക്കൂരകള്‍ക്ക് കരുത്തുപോരല്ലോ...


അമ്മ ഇപ്പോഴും ചോറു-
വിളമ്പി കാക്കാറുണ്ട് ,
നിന്നെ കണ്ടെന്നു, തൊട്ടെന്നു ,
അവള്‍ മിഴിനിറയ്ക്കാറുണ്ട് .
അച്ഛന്‍ വാങ്ങിതന്ന കുപ്പായമെന്നു -
അപ്പു നെഞ്ചോടു ചേര്‍ക്കാറുണ്ട് -
നിന്റെ ഓര്‍മ്മകളെ .

പാര്‍ട്ടി ഓഫീസില്‍ നിന്റെ ചിത്രം-
ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട് .
മദ്യശാലകളിലിരുന്നു യുവത്വം
നിന്റെ പേരുപറഞ്ഞു മുഷ്ടി ചുരുട്ടാറുണ്ട് .
പുതിയ മുറിവുകള്‍ക്ക്‌ -
കാതോര്‍ക്കുകയാണ് നാട്ടുകാര്‍ .

വെട്ടുവഴികളിലെ കിതപ്പിന്റെ കാലൊച്ച
കേട്ടു കേട്ടു എന്നുമെന്റെ
ഉറക്കം മുറിയുന്നു കൂട്ടുകാരാ ...
ഇനി വയ്യ....
ഞാനും ഒരുക്കിവച്ചിട്ടുണ്ട് ,
വേദന രാകി രാകി -
അരികു മൂര്‍ച്ഛപെടുത്തിയ ,
ഒരു വാക്കു കത്തി .