add

Thursday, August 1, 2013

വീടുവണ്ടി .

സ്വപ്നങ്ങൾ കൊണ്ടു മേൽക്കൂര-
പണിതിട്ടും ,
ചില വീടുകൾ ചോരുന്നതെന്തേ .?
ഒരുപാട് ചേർന്ന് നിന്നിട്ടും -
ഓരോ ചുവരും ഓരോ അതിർത്തി
ആവുന്നതെന്തേ .?

ഭിത്തിയിൽ
അപ്പു വരച്ച ആന
വിശന്നലറുന്നതും ,
അമ്മു വരച്ച പുഴ ,
വെറും വരയാവുന്നതും കണ്ടു -
വീട് ഒരുപാട് നെടുവീർപ്പിടും .
'ആരുമില്ലാത്തവർക്ക് ദൈവമുണ്ടെന്നു'
പറഞ്ഞു ,
'ആരുമില്ലാത്തവർക്ക് ആരുമില്ലാ'
എന്ന് കേൾക്കും .

വിശപ്പ് പൂത്ത വഴിയിലേക്ക് ,
വരുന്നവർക്കെല്ലാം
അടുത്ത ഒരു അവധി
വീട് കരുതിവെയ്ക്കും ,
തൊഴിലില്ലായ്മയെ പറ്റി ഉറക്കെ -
മുദ്രാവാക്യം വിളിച്ചുകൊണ്ടു
വീടുകളുടെ ഒരു വിപ്ലവ ജാഥ ,
വഴിയിലൂടെ കടന്നുപോകും .

വിശപ്പിന്റെ ,സങ്കടങ്ങളുടെ ,
പരാതികളുടെ ,
മഴ നനഞ്ഞു ,നനഞ്ഞു -
ഒരു തീവണ്ടി വരും ..
തീവണ്ടി വീടിനെ വിളിക്കുന്നത് പോലെ തോന്നും .
പല പ്രലോഭനങ്ങൾക്കപ്പുറമാണു
വീട് -
തീവണ്ടി ഒച്ചകളെ പ്രണയിക്കുന്നത് ..
വീട്ടിലേക്കുള്ള വഴി പാളങ്ങളിലേക്കു -
നീളുന്നത് .

പുറത്തു
തീവണ്ടി വീടിനെ
ഉമ്മവെയ്ക്കുംപോഴേക്കും
അകത്തു
കാമുകനെ സ്വപ്നം കാണുന്ന പെണ്കുട്ടി
ഞെട്ടി ഉണർന്നിരിക്കും.!
തീർച്ച ...!