add

Sunday, October 18, 2015

ആമ

സൂക്ഷിച്ചു നോക്കൂ 
എനിക്കൊരു ആമയുടെ
ഛായ ഇല്ലേ.? 
ചുറ്റും കണ്ടും കേട്ടും ഒരിലയനക്കത്തിൽ 
തന്നിലേക്കു ചുരുങ്ങിപ്പോകുന്ന 
ഒരു ആമയുടെ .? 

പുറത്തു പുര കത്തുന്നുണ്ട് ,
ഇഷ്ടമുള്ളതു 
തിന്നതിന്റെ പേരിൽ -
അവർക്കെതിരെ 
എഴുതിയതിന്റെ പേരിൽ 
ചോര പെയ്യുന്നുണ്ട് .
മതത്തിന്റെ പല തൊഴുത്തിൽ 
നമ്മളെ മാറ്റി കെട്ടുവാൻ അവരെത്തിക്കഴിഞ്ഞു.

എന്നിട്ടും 
കയ്യും തലയും 
പൂഴ്ത്തിവെക്കുന്ന 
ഒന്നാം തരം ഒരു 
ആമയാണു ഞാൻ .

വായനക്കാരാ 
ഇപ്പോഴാണു ശ്രദ്ധിക്കുന്നതു 
താങ്കൾക്കും എന്നെ പോലെ 
ഒന്നാം തരം ഒരാമയുടെ ഛായ. 

Saturday, July 25, 2015

ആകാശത്തിലേക്കു തുറക്കുന്ന വാതിലിലൂടെ ശാന്തിയുടെ തീരം.

ആകാശത്തേക്കു തുറക്കുന്ന
വാതിലിലൂടെ ശാന്തിയുടെ
തീരത്തേക്കു പോയിട്ടുണ്ടോ .?
കാണേണ്ട സ്ഥലമാണു.

കാറ്റു കാതിലൊരു സ്വകാര്യം
പറഞ്ഞു പോകും.
ആരൊടും പറയല്ലേ എന്നു
കണ്ണിറുക്കും.

മേഘം
മെല്ലെ ഒന്നു മന്ദഹസിച്ചു,
ജീവിതത്തോട്‌
ഉപമിക്കാൻ പറഞ്ഞു രൂപം മാറും.

നക്ഷത്രം
ആരുംകാണാതെ ഒരുമ്മ തരാം
എന്നുപറഞ്ഞു കൊതിപ്പിക്കും.

ദൂരെ ഒരു പക്ഷി
ലാ ലാ ലാലാ
എന്നു പാടി
പറന്നുപോവുന്നുണ്ടാവും.

പേരറിയാത്ത ഒരു മരം
അത്ര പരിചയമില്ലാത
ഒരു നൃത്തം ചെയ്യും.

നാണിച്ചിട്ടാവാം ഇടക്കു വന്ന
ഒരു സങ്കടം
പരിചയമില്ലാത്ത ഭാവത്തിൽ
മാറിക്കളയും.

അതേ അതുതന്നെയാണു വഴി
ആകാശത്തിലേക്കു തുറക്കുന്ന
വാതിലിലൂടെ
ശാന്തിയുടെ തീരം.

Wednesday, May 20, 2015

പുനർജ്ജനി

പ്രണയം കിട്ടാതെ മരിച്ച
കാമുകന്മാരെല്ലാം
മരങ്ങളായി 
പുനർജനിക്കും.
ഏതോ ജന്മത്തിലെ 
എനിയും മരിക്കാത്ത 
ഓർമ്മകളെ അയവിറക്കി 
വേരുകൾ കൊണ്ടു 
അവളുടെ ഖബറിടത്തിലേക്കു 
കൈ നീട്ടി
ഞാൻ മാത്രം 
ഞാൻ മാത്രം എന്നാണയിടും.
ഒരുപാടു പിറകെ നടന്നതിന്റെ 
സങ്കടം 
ഒരു ജന്മം മുഴുവൻ 
കൂടെ നിന്നു തീർക്കും.
കൂട് കൂട്ടാൻ വന്ന 
പറവകൾ പോലും 
പഴയ കഥകൾ കേട്ടു 
പ്രണയിക്കാൻ പഠിക്കും .
വരച്ചു വെക്കുന്ന ഓരൊ തണലിലും
അവൾക്കായി പാടിയ
പാട്ടിലെ കുളിരുണ്ടാവും . 
ചിരിച്ചു പൂക്കുന്ന ഓരൊ പൂവിലും
കനവു കണ്ട ഉമ്മയുടെ
മണമുണ്ടാവും .
കൊഴിഞ്ഞു വീഴുന്ന ഓരോ ഇലയിലും 
നിഗൂഠമായ 
പ്രണയാക്ഷരത്തിലെ 
ഞരംബുകൾ
തെളിഞ്ഞു കാണും .

എന്നിട്ടും 
പൂക്കുന്നതോ 
തളിർക്കുന്നതോ 
ഇലപൊഴിയുന്നതോ ശ്രദ്ധിക്കാതെ
ഒരു കുട്ടി 
അതിനടുത്തു അക്കു കളിക്കും.
ആ തണലിലിരുന്നു 
പൂക്കൾ തൊട്ടു
ഇലകൾ മെതിച്ചു 
കടന്നു പോകും .

Thursday, March 19, 2015

കടംകഥ



ഇതുവരെ 
പോയിട്ടില്ലാത്തൊരു തെരുവു
സ്വപനം കണ്ടു ഇന്നലെ . 
അർദ്ധനഗ്നനായൊരാളിരുന്നു
ആളുകൾക്കു പുതയ്ക്കാൻ 
സ്വപ്നങ്ങൾ നെയ്യുന്നൊരു 
തെരുവ്.
കണ്ണിനു പകരം കണ്ണല്ല 
എന്നു പുലമ്പി
അയാൾ മുറിവേറ്റവനു 
മുത്തം കൊടുക്കുന്നു.
ഏതോ ഒരു 
അന്യഗ്രഹത്തിലെന്ന പോലെ
അന്യമതസ്ഥരെ കെട്ടിപ്പിടിക്കുന്നു ആളുകൾ.

പതിവുപോലെ
വെടിയുണ്ട അയാളുടെ 
നെഞ്ഞു തുളയ്ക്കുന്നു.

പക്ഷെ ഞാൻ 
വ്യക്തമായി കണ്ടതാണു
ഈ പേക്കിനാവിൽ
ആളുകൾ കരഘോഷം മുഴക്കുന്നു.
വെടിവെച്ച ആൾക്കു
പണിയാനിരിക്കുന്ന 
ക്ഷേത്രത്തിലെ
ദൈവത്തിന്റെ അതേ മുഖമാണു.
ശാന്തിക്കാരന്റെ അതേ ഭാവമാണു.

Friday, January 16, 2015

ചെമ്പരത്തി

ഒരിക്കലും തിരിച്ചുവരാത്ത 
ഒരാളെ തേടി 
എന്നെങ്കിലും വരുമെന്നോർത്തു
വഴിക്കണ്ണുമായി 
നിൽക്കുന്നുണ്ടു
പണ്ടെങ്ങോ 
അയാൾ നട്ടുമറന്ന 
ഒരു ചെമ്പരത്തി.

ചോര കിനിയുന്നൊരു 
പൂവു നീട്ടി
മഴയോടും കാറ്റിനോടും 
പരിഭവം പറഞ്ഞു
പിന്നെയും പിന്നെയും 
വാശിയിൽ പൂക്കുന്നുണ്ടതു.
ചെമ്പരത്തിക്കറിയില്ലല്ലോ 
പാളങ്ങളിലേക്കു 
പുറപ്പെട്ടുപോയവരുടെ
പ്രണയത്തിനും 
ചെമ്പരത്തിയുടെ നിറമാണെന്നു.