add

Sunday, December 31, 2017

സ്നേഹത്തിന്റെ മാത്രം കവിത .

പെട്ടന്നൊരു ദിനം
വെറുപ്പുകളെ ഞാൻ
സ്നേഹത്തിലേക്കു
വിവർത്തനം ചെയ്യുന്നു.
വാലിൽ നൂലുകെട്ടിയ തുംബികളെല്ലാം
പരുന്തുകളാവുന്നു.
നൂലിൽ കെട്ടിയ പട്ടങ്ങൾ
വിമാനങ്ങളാവുന്നു.

മുക്കും മൂലയും തിരഞ്ഞു
വെറുപ്പുകളെ
കണ്ടുപിടിക്കുന്നു.
കണക്കു ടീച്ചർ
മലയാളം ടീച്ചറാവുന്നു
മീശക്കാരനമ്മാവൻ
കുഞ്ഞരിപ്പല്ലുകാട്ടുന്ന
കൊച്ചാവുന്നു.

നിരസിക്കപെട്ട പ്രേമലേഖനം
ചേർത്തുപിടിച്ച ചുംബനമാവുന്നു.
അംബലത്തിലെ ചെരുപ്പുകള്ളൻ
ദൈവം പോലുമാവുന്നു.

ഓ ഒരു സ്നേഹത്തിന്റെ കവി
എന്നു വാഴ്ത്തുന്നവരോടു മാത്രം
ഒരു രഹസ്യം പറയാം .

എന്നെ രസിപ്പിക്കുന്നതു ഇതൊന്നുമല്ല.
എന്നോടുള്ള
പക കൊണ്ടുമാത്രം
ജീവിക്കുന്നവർ
മരിച്ചു പോകുമോ
എന്ന പേടിയിൽ
ഓടുകയാണിപ്പോൾ .
ഓടട്ടെ നായ്ക്കൾ
ഇതു സ്നേഹത്തിന്റെ
മാത്രം കവിതയാണു.

Wednesday, September 6, 2017

പൂച്ച അഥവാ ഫാസിസം


ഒരു കറുത്ത പൂച്ച 
വീടിനു ചുറ്റും കറങ്ങുന്നുണ്ടെന്നു 
നമുക്കറിയാമെങ്കിലും 
തിരഞ്ഞുചെല്ലുമ്പോൾ 
അത് ഇരുട്ടിലേക്കുതന്നെ 
മാഞ്ഞു പോകുന്നു .

കണ്ടെന്നു ,
ശബ്ദം കേട്ടെന്നു ,
അങ്ങനെയൊരു പൂച്ചയേ ഇല്ലെന്നു ,
നമ്മൾ എത്ര വട്ടം 
ചർച്ച ചെയ്തിരിക്കുന്നു .

എത്ര പെട്ടന്നാണ് 
പൂച്ചയുണ്ടെങ്കിലും 
എലിയെ പിടിക്കുമല്ലോയെന്നു 
വീട് തന്നെ വിഭജിച്ചു പോയത് .

ഇപ്പോൾ 
പൂച്ച ഉണ്ടോ എന്നല്ല 
പൂച്ച നല്ലതോ ചീത്തയോ എന്നായി 
നമ്മുടെ ചർച്ചകൾ .


കാലിൽ മുട്ടിയുരുമ്പുമ്പോൾ 
പാവം പൂച്ച ,
എലിയെ പിടിക്കുന്ന പൂച്ച ,
നമ്മുടെ പൂച്ച 
എന്നൊക്കെ പലരും പാടുന്നുണ്ട് .

പക്ഷെ ഇന്നലെ 
പാടുന്ന കിളിയെ 
അത് കൊന്നു തിന്നപ്പോൾ 
പലരും ഞെട്ടി .
വീണ്ടും ആവർത്തിച്ചപ്പോൾ 
കുറച്ചുപേർ .
വീണ്ടും വീണ്ടും 
ആവർത്തിച്ചപ്പോൾ 
കിളിയെ പൂച്ച പിടിച്ചു എന്ന് 
വീടാകെ ആശ്വാസം കൊള്ളുന്നു .

പാടുന്ന കിളികളില്ലാത്ത 
വീടാണ് സ്വപ്നമെന്നു 
എലിയെ പിടിക്കുന്നുണ്ട് 
പിടിക്കുന്നുണ്ട് എന്ന് ,
ഇടയ്ക്കിടെ നമ്മളെല്ലാം 
അഭിമാനം കൊള്ളുന്നു .


പക്ഷെ കൂട്ടുകാരാ 
ഞാനാ പൂച്ചയെ ഫാസിസം എന്ന് 
പേരിട്ടാൽ നിങ്ങൾ 
എന്റെയും നെറ്റി തുളക്കുമോ .?

Sunday, July 16, 2017

സാധാരണത്വം

പേരറിയാത്ത
ഒരു പക്ഷിയുടെ പാട്ട്‌
ഇന്നലെ വരെ
ഇവിടെ ചെരിഞ്ഞു
കിടപ്പുണ്ടായിരുന്നു.
എത്ര ശ്രമിച്ചാലും
ഓർത്തെടുക്കാൻ
പറ്റാത്തത്ര
പരിചയമുള്ള ഒരു മണം
ഇടക്കിടെ 
വന്നു പോവാറുണ്ടായിരുന്നു.
ഭൂതകാലത്തിലേക്കു
മറിഞ്ഞു വീഴല്ലേ
എന്നൊരു പല്ലി 
ഇടക്കിടെ 
ചിലച്ചോർമ്മിപ്പിക്കാറുണ്ടായിരുന്നു.
ഭ്രാന്തു പിടിച്ച
ഒരു ഉറുംബു
കൂട്ടം തെറ്റി
എനിക്കു
കൂട്ടിരിക്കാറുണ്ടായിരുന്നു.
ഇന്നു
വളരെ അസാധാരണമായൊരു 
ദിവസമാണു
കാക്ക കരച്ചിലും ,
ചക്ക മണവും
നിന്റെ ഓർമ്മയും
വരിവരിയായി പൊകുന്ന
ഉറുംബുകളും
എല്ലാം എനിക്കു
മനസ്സിലാവുന്നുണ്ട്‌.
എത്ര 
അസാധാരണമാണീ സാധാരണത്വം.

Wednesday, April 26, 2017

ഇവിടെ എല്ലാവർക്കും സുഖം.



ഒന്നോർത്തു നോക്കിയാൽ
ഈ നിമിഷമെന്നതു അത്ര
ചെറുതൊന്നുമല്ല.
എവിടെയെങ്കിലും ഒരാൾ
മലയാളത്തിൽ
കാതുപൊട്ടുന്നതെറി പറഞ്ഞു 
ആരെയോ
ഉറക്കുന്നുണ്ടാവും .
നാടു വിട്ടുപോയ
എന്റെയോ
നിങ്ങളുടെയോ
സുഹൃത്ത് 
ഏതോ നാട്ടിലിരുന്നു
ബംഗാളി  മുഖത്തോടെ
മലയാളത്തെ
അയവെട്ടുന്നുണ്ടാവും .

വെറുതേ ഓർത്തുനോക്കൂ
ഈ നിമിഷമെന്നതു അത്ര
ലളിതമൊന്നുമല്ല.
കേരളത്തിൽ ഏതോ മൂശാരി
ആർക്കോ വെണ്ടി
അവസാന സമ്മാനം
നിർമ്മിക്കുകയാവും.
ആലയിൽ പഴുക്കുന്ന ഇരുംബ്‌
പകയും വിശപ്പും കൊണ്ടു
ചുവക്കുന്നുണ്ടാവും .

പെട്ടന്നു തീർക്കാൻ
എവിടെ വെട്ടണമെന്നു
കൂട്ടുകാരൻ ചെക്കൻ
തല പുകയ്ക്കുന്നുണ്ടാവും.
ഇതൊന്നുമോർക്കാതെ
നാളെത്തെ രക്തസാക്ഷി
ഒരു പുതിയ സ്വപ്നത്തിൽ
നൂലു കോർക്കുകയാവും .

ഒന്നോർത്തു നോക്കിയാൽ
ഈ നിമിഷം എന്നതു
കേരളം പോലെ പ്രബുദ്ധമാണു.
അധികം അകലയല്ലാത്ത
എവിടെയെങ്കിലും
മാനഭംഗപ്പെട്ട ഒരു സ്ത്രീ
കൊന്നു കളയുമെന്ന ഉറപ്പിൽ
വാവിട്ടു നിശബ്ധയാവുന്നുണ്ടാവും .

ബലാത്സംഗ വാർത്ത കണ്ടു
കല്ലെറിഞ്ഞു കൊല്ലണം
എന്നാക്രോശിച്ച ചെറുപ്പക്കാരൻ
പുതിയ വീഡിയോയിലെ മുഖം
അടുത്ത വീട്ടിലെ ചേച്ചിയുടെ
പോലെ എന്നു സുഹൃത്തുക്കൾക്ക്
പങ്കുവെക്കുന്നുണ്ടാവും .

അപ്പോഴും
പ്രണയം കൊണ്ടു കണ്ണു പൊട്ടിയ
രണ്ടുപേർ മാവേലി എക്സ്പ്രസ്സിൽ
തൊട്ടു തൊട്ടിരിക്കുന്നുണ്ടാവും.
എങ്കിലും
വെറിയോടെ പത്തു കണ്ണുകൾ
അവരെ ഉഴിയുന്നുണ്ടാവും .

പക്ഷേ ഒന്നു പറയാതെ വയ്യ
ഈ നിമിഷം എനിക്കും
ഇവിടെ എല്ലാവർക്കും സുഖം .

Saturday, February 25, 2017

മുറിക്കവിതകൾ 14

1. ഉണ്ടാകുമോ .?

കടലിൽ പുഴയിൽ 
ഒന്നായൊഴുകി 
മേഘങ്ങളായ് തുഴഞ്ഞു 
ഒടുവിൽ പിരിയാൻ നേരം 
ഒരു മഴത്തുള്ളി 
മറ്റേതിനോട് ചോദിച്ചു .
രണ്ടായി താഴേക്കു 
പതിക്കുമ്പോൾ 
ഉണ്ടാവുമോ മറ്റു രണ്ടുപേർ 
നമ്മളെ കാത്തു ?
പ്രണയത്തിൽ നനഞ്ഞു .? 


2. തെങ്ങ് 

ഇളനീർ വണ്ടികൾ 
അതിർത്തി കടക്കുമ്പോൾ 
പനകൾ പറഞ്ഞു 
ചെറുപ്പത്തിൽ നാടുവിട്ട 
ചേട്ടനെ പറ്റി .

---- മലയാളനാട് ----

Saturday, February 11, 2017

ഉള്ളിൽ എരിയുന്ന തീയുമായി .



ഉള്ളിൽ എരിയുന്ന തീയുമായൊരാൾ 
എന്നെങ്കിലും നിങ്ങളെ തേടി വരും .
മൗനത്തിന്റെ പുതപ്പുകൊണ്ട് 
ഒരു നിലവിളിയെ എത്രത്തോളം 
മറയ്ക്കാൻ കഴിയും .?
പറഞ്ഞു കേട്ടിട്ടുണ്ട് 
ചിലർ എവിടേയും രക്തസാക്ഷികളാണെന്നു. 
പ്രണയത്തിൽ ,ജീവിതത്തിൽ , സൗഹൃദത്തിൽ 
അങ്ങനെ എവിടെയും .
പൂക്കളെയും പ്രാവുകളെയും 
അതിന്റെ വഴിക്കുവിട്ടേക്കുക 
ഈ കവിത അവർക്കുള്ളതല്ല .

അല്ലെങ്കിൽ 
ഒന്നോർത്തു നോക്കൂ 
ഒരു പൂ വിരിഞ്ഞാൽ കൂടെ 
കരഞ്ഞു പോകുന്നവരാണ് നമ്മൾ .
ഒരു ചുംബനം കൊണ്ടുപോലും 
മരിച്ചു പോകുന്നവരും .
ഉള്ളിൽ എരിയുന്ന തീയുമായൊരാൾ വന്നാൽ 
അവരെ ചേർത്തുപിടിക്കുക 
എന്തെന്നാൽ 
ചിലപ്പോൾ അത് നമ്മൾ തന്നെ ആവാം .

Wednesday, January 11, 2017

മുറിക്കവിതകൾ 13


1. നഷ്ടം .
..................

ഓരോ വസന്തവും പിരിഞ്ഞു പോകുമ്പോൾ
കാടു നെഞ്ഞിടിച്ചു കരയും .
ഇത്രയും സുന്ദരമായതൊന്നും എനി വരാനില്ല.
ഇത്രയും ഗാഢമായതൊന്നും നഷ്ടപെടാനില്ല.
മറ്റൊരു വസന്തത്തിൽ പൂത്തു നിൽക്കുമ്പോൾ
കാടു വീണ്ടുമോർക്കും .
ഇത്രയും സുന്ദരമായതൊന്നും എനി വരാനില്ല.
ഇത്രയും ഗാഢമായതൊന്നും നഷ്ടപെടാനില്ല.


2.വിത്ത്
................

അലക്ഷ്യമായി
ആരോ വലിച്ചെറിഞ്ഞതിന്റെ
ഓർമ്മയിലാണു
ഓരൊ വിത്തും
വാശിയിൽ
പൂക്കുന്നതും കായ്ക്കുന്നതും .
ചികഞ്ഞു ചെന്നാൽ
ഉണ്ടാവില്ല
നട്ടു നനച്ചതിന്റെ കുളിരോ,
ഇല വന്നോ മുള വന്നോ
എന്ന തലോടലോ ഒന്നും .